Thursday, December 23, 2010

ദജ്ജാല്‍ (തുടര്‍ച്ച)

ദജ്ജാലിനെക്കുറിച്ചുള്ള ഹദീസിലെ വിവരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത് ദജ്ജാലിനെക്കുറിച്ച് നബി(സ.അ)യ്ക്ക് സ്വപ്ന ദര്‍ശനത്തിലൂടെ അല്ലാഹു അറിവു നല്‍കിയെന്നാണ്. സ്വപ്നദര്‍ശനങ്ങള്‍ വ്യാഖ്യാനാര്‍ഹങ്ങളാണ്. സൂറത്തുല്‍ യൂസ്ഫില് ‍ഈജിപ്തിലെ രാജാവ്‌ കണ്ട ഒരു സ്വപ്നവും അതിന്‌ യൂസഫ്‌ നബി നല്‍കിയ വ്യാഖ്യാനവും വിശുദ്ധ ഖുര്‍‌ആന്‍ വിവരിക്കുന്നുണ്ട്. എഴു തടിച്ചു കൊഴുത്ത പശുക്കള്‍ ഏഴു മെലിഞ്ഞ പശുക്കളെ തിന്നുന്നതായും ഏഴ്‌ പച്ചക്കതിരും ഏഴ്‌ ഉണക്കക്കതിരും. ഇതില്‍ ഏഴ്‌ തടിച്ച കൊഴുത്ത പശുക്കള്‍ സുഭിക്ഷമായ എഴുകൊല്ലത്തെ പ്രതിനിധാനം ചെയ്യുന്നു. ഏഴ്‌ മെലിഞ്ഞ പശുക്കള്‍ അതിനുശേഷം വരുന്ന ഏഴ്‌ കൊല്ലക്കലത്തെ വറുതിയെയും. സുഭിക്ഷ കാലങ്ങളിലെ വിഭവങ്ങള്‍ വറുതി കാലങ്ങളില്‍ കരുതി വെക്കണമെന്ന സന്ദേശമാണ്‌ സ്വപ്നം നല്‍കുന്നത്‌ എന്ന്‌ യൂസഫ്‌ നബി പറഞ്ഞുകൊടുക്കുകയും സംഭവം പിന്നീട്‌ അതേപ്രകാരം തന്നെ പുലരുകയുംചെയ്തു. അതേപോലെ ദജ്ജാലിനെക്കുറിച്ചുള്ള ദര്‍ശനങ്ങളും മസീഹിനെ ക്കുറിച്ചുള്ള ദര്‍ശനങ്ങളുമൊക്കെ പ്രതീകാത്മകമായി പുലരാനുള്ളതാണ്‌.

ദജ്ജാലിനെ അംഗീകരിക്കുന്നവര്‍ക്ക്‌ എല്ലാവിധ സുഖസൌകര്യങ്ങളും സ്വര്‍ഗ്ഗതുല്യമായ നിലയില്‍ ലഭിക്കുന്നതാണ്‌. ഇതിനു പുറമെ, ശാസ്ത്രീയമായ പല കണ്ടുപിടിത്തങ്ങള്‍ മുഖേന സ്വര്‍ഗ്ഗതുല്യമായ ഭൌതിക സുഖഭോഗവസ്തുക്കള് ‍അവര്‍ ഭൂമിയില്‍ സൃഷ്ടിച്ചു. കമ്പ്യൂട്ടറിന്‍റെ സഹായത്തോടെയുള്ള നവീന കണ്ടുപിടിത്തമായ കൃത്രിമ യാഥാര്‍ത്ഥ്യം (Virtual Reality) എന്ന സങ്കേതം ഇതിന്‍റെ ഉദാഹരണമാണ്‌. ഈ സംവിധാനം മുഖേന സ്വര്‍ഗ്ഗീയാനുഭൂതികള്‍ ജാഗ്രതാവസ്ഥയില്‍ തന്നെ അനുഭവവേദ്യമാക്കുവാന്‍ സാധിക്കുമത്രേ. ഇന്നത്തെ ഇന്‍റെര്‍നെറ്റ്‌ സംവിധാനങ്ങള്‍ പോലും മനുഷ്യന്‍റെ സുഖഭോഗാവേശത്തെ ഉദ്ദീപിക്കുന്ന രീതിയിലാണ്‌ സംവിധാനം ചെയ്തിരിക്കുന്നത്‌. ഇതിന്‍റെയൊക്കെ അതിപ്രസരം മനുഷ്യനെ നരകത്തില്‍ എത്തിക്കും. അതുകൊണ്ടുതന്നെയാണ്‌ ദജ്ജാലിന്‍റെ സ്വര്‍ഗ്ഗം വിശ്വാസിയുടെ നരകമാണെന്ന്‌ റസൂല്‍ തിരുമേനി(സ.അ) അരുള്‍ ചെയ്തത്‌. ഈ സുഖലോലുപതയില്‍ നിന്ന്‌ വിട്ടുനില്‍ക്കുന്നവന്‍ ഈ ദുനിയാവില്‍ നരകം പണിയുകയാണ്‌. തിരുമേനി (സ.അ) അരുളിയതു പോലെ, വിശ്വാസിയെപ്പറ്റി പറയുമ്പോള്‍ ഈ ലോകം കാരാഗൃഹമാണ്‌, നരകമാണ്‌.

ഹദീസില്‍ പറഞ്ഞ ദജ്ജാലിന്‍റെ പ്രവര്‍ത്തനങ്ങളെ ഒന്നു വിലയിരുത്താം. മരിച്ചവരെ ജീവിപ്പിക്കുക, ഭൂമിയിലെ നിക്ഷേപങ്ങള്‍ പുറത്തെടുക്കുക, മുളപ്പിക്കാന്‍ ശാസിച്ചാല്‍ മുളക്കുക, മഴ പെയ്യാന്‍ ശാസിച്ചാല്‍ മഴ പെയ്യുക. ഈ കാര്യങ്ങളെല്ലാം തന്നെ പാശ്ചാത്യ ക്രൈസ്തവ ശക്തികള്‍ വൈദ്യശാസ്ത്രം, കൃഷി മുതലായ വിഷയങ്ങളില്‍ കൈവരിച്ച നേട്ടങ്ങളാണ്‌. കാര്‍ഷിക മേഖലയിലെ വിസ്മയകരമായ ജനിതക സാങ്കേതിക വിദ്യകളും ടിഷ്യു കള്‍ച്ചര്‍ പോലുള്ള നൂതന പ്രജനന സങ്കേതങ്ങളും, കൃത്രിമ മഴ പെയ്യിക്കലും എണ്ണ ഖനനവും തുടങ്ങി ഇന്നു ലോകത്തു കാണുന്ന ആധുനിക സാങ്കേതിക വിദ്യകളില്‍ ഭൂരിഭാഗവും ദജ്ജാലിന്‍റെ വരുതിയിലാണെന്ന കാര്യം അജ്ഞാതമല്ല. ഇപ്പോള്‍ ജീവശാസ്ത്ര വിജ്ഞാനം മനുഷ്യന്‍റെ തനിപ്പകര്‍പ്പുകള്‍ പോലും ക്ളോണിംഗ്‌ ഉപയോഗിച്ചു നിര്‍മ്മിക്കാന്‍ സന്നദ്ധമാണ്‌.

ഇനി ദജ്ജാലിന്‍റെ കഴുതയെപറ്റികൂടി കേള്‍ക്കു. 'അവന്‍റെ കൂടെ ഒരുകഴുത ഉണ്ടായിരിക്കും. കാറ്റിനാല്‍ ചലിക്കുന്ന മേഘം പോലെ കഴുതചലിക്കുന്നതായിരിക്കും. അതിന്‍റെ ചെവികള്‍ക്കിടയില്‍ 70 വാര അകലമുണ്ടായിരിക്കും. അതിന്‍റെ ഭക്ഷണം അഗ്നിയായിരിക്കും. ആളുകള്‍അതിന്‍റെ വയറ്റിലാണ്‌ ഇരിക്കുക.'

ആധുനിക കാലത്തെ, അഗ്നിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ ഘടിപ്പിച്ച മോട്ടോര്‍ വാഹനങ്ങളെക്കുറിച്ചു ഈ വിവരണമല്ലാതെ മറ്റെന്താണ്‌ പറഞ്ഞു തരേണ്ടത്‌? കാര്‍ മുതല്‍ റോക്കറ്റ്‌ വരെ ചലിക്കുന്നത്‌ അഗ്നിയുടെ സഹായത്താലാണ്‌. അവയുടെ ഇന്ധനം തീയാണ്‌. ട്രെയിന്‍ പരിശോധിച്ചാല്‍ അതിന്‍റെ ഹോണ്‍ മുഴക്കം പോലും കഴുതയുടേത്‌ പോലെയാണ്‌. യാത്രക്കാര്‍ സഞ്ചരിക്കുന്നത്‌ ഈ വണ്ടികളുടെയെല്ലാം വയറ്റില്‍തന്നെ. ഇനി ആകാശത്തേക്ക് നോക്കിയാല്‍ കാണുന്ന കഴുത (വിമാനം) മേഘം പോലെ ചലിക്കുന്നത്‌ തന്നെ. ഇങ്ങനെ ദജ്ജാലിനെക്കുറിച്ചുള്ള എല്ലാ വിവരണങ്ങളും ആധുനിക പാശ്ചാത്യ ക്രിസ്തീയ ശക്തികളെ പരിശോധിച്ചാല്‍ അതൊക്കെ അവരില്‍ പൂര്‍ത്തിയായിക്കാണാവുന്നതാണ്‌.

ഈ സത്യം നമുക്ക് മനസ്സിലാക്കിത്തന്നത് ഈ കാലത്ത്‌ ദൈവിക ദൌത്യം മുഖേന ആഗതരായ മുഹമ്മദീ മസീഹ്‌ ഹസ്‌റത്ത്‌ അഹ്‌മദ്‌ (അ) മുഖേനയാണ്‌. ക്രിസ്ത്യാനികളുടെ പാപപരിഹാര സിദ്ധാന്തത്തിന്‍റെ യഥാര്‍ത്ഥ സ്ഥിതി ബൈബിളിന്‍റെ വെളിച്ചത്തില്‍ അവര്‍ക്ക്‌ മനസ്സിലാക്കിക്കൊടുത്തുകൊണ്ട്‌ കുരിശിലുള്ള അവരുടെ വിശ്വാസത്തില്‍ നിന്ന് അവരെ മോചിപ്പിക്കുക എന്ന ദൌത്യം കൂടി അദ്ദേഹത്തില്‍ അല്ലാഹു നിഷിപ്തമക്കിയിട്ടുണ്ടായിരുന്നു. അതാണ്‌ മസീഹ്‌ ആഗതനായാല്‍ കുരിശിനെ ഉടക്കുമെന്നും പന്നിയെ കൊല്ലുമെന്നുമുള്ള പ്രവചനം. അല്ലാതെ ഈ പ്രവചനങ്ങളെല്ലാം പ്രത്യക്ഷരം പുലരണം എന്നു ശഠിക്കുന്നത് വിഡ്ഢിത്തമണ്. മസീഹ് വന്ന് ലോകത്തുള്ള കുരിശായ കുരിശുകളെല്ലാം പൊട്ടിക്കാനും, പന്നികളെയെല്ലാം കൊല്ലാനും നടക്കുന്ന ദൃശ്യം ഒന്നു വിഭാവന ചെയ്തു നോക്കുക! പ്രവചനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പുലരണം എന്നു വാശിപിടിച്ചതു കൊണ്ടാണ് മുന്‍ സമുദായങ്ങള്‍ വഴിപിഴച്ചു പോയത്. ഉദാഹരണത്തിന്, ജൂതനമാര്‍ ഈസാനബിയെ വിശസിക്കാതിരിക്കാനുള്ള കാരണമായി അവര്‍ പറഞ്ഞത് മസീഹ് വരുന്നതിനു മുന്‍പ്, ആകാശത്തേക്ക് പോയാ ഇല്യസ് നബി തിരിച്ചു വരണം എന്നാണ്. അവര്‍ ഇപ്പോഴും ഇല്യാസ് നബിയെ കാത്തിരിക്കുന്നു!

പ്രവചനത്തില്‍ പറയപ്പെട്ട കുരിശുടയ്ക്കല്‍ പ്രത്യക്ഷമായ കുരിശുടയ്ക്കലല്ല. യേശു ക്രിസ്തു കുരിശില്‍ മരിച്ചു എന്ന തെറ്റായ വിശ്വാസത്തെ പ്രമാണ സഹിതം ഖണ്ഡിക്കുക എന്നതാണ്. യേശു കുരിശില്‍ മരിച്ചില്ലെന്നും അബോധാവസ്ഥയിലുള്ള യേശുവിനെ മരിച്ചെന്ന ധാരണയില്‍ കാവല്‍ക്കാര്‍ കാലൊടിക്കാതെ അദ്ദേഹത്തിന്‍റെ ദേഹം അദ്ദേഹത്തില്‍ സ്വകാര്യമായി വിശ്വസിച്ച അരിമത്ത്യക്കാരനായ ജോസഫിന്‌ നല്‍കുകയും അദ്ദേഹവും യേശുവില്‍ വിശ്വസിക്കുന്ന ഒരു വൈദ്യനായ നിക്കോദേമസും ചേര്‍ന്ന്‌ വായു സഞ്ചാരമുള്ള കല്ലറയില്‍ വെക്കുകയും അവിടെ നിന്ന്‌ ശുശ്രൂഷിച്ചശേഷം യേശു അദ്ദേഹത്തിന്‍റെ അപ്പോസ്തലന്‍മാര്‍ക്ക്‌ മുമ്പില്‍ പ്രത്യക്ഷപ്പെടുകയും അവരുമായി ഭക്ഷണം പങ്കുവെക്കുകയും ചെയ്തതായി ബൈബിളില്‍ നിന്ന്‌തന്നെ മനസ്സിലാവുന്നു. അവിടെനിന്ന്‌ ഒരു തോട്ടക്കാരന്‍റെ വേഷത്തില്‍ അദ്ദേഹം കിഴക്കോട്ട്‌ യാത്ര ചെയ്യുകയുമാണുണ്ടായത്‌. ഒടുവില്‍ "യേശുവിനും മാതാവിനും ഉയര്‍ന്ന പച്ചളിപ്പുള്ള ഒരു സ്ഥലത്ത്‌ നാം അഭയം നല്‍കി." എന്ന വിശുദ്ധഖുര്‍ആന്‍റെ പ്രഖ്യാപന പ്രകാരം ഇന്ത്യയില്‍ കാശ്മീരില്‍ അദ്ദേഹത്തിന്‌ അഭയംനല്‍കി. അവിടെ കാണാതെ പോയ ആടുകള്‍ക്ക്‌, അഥവാ, പ്രവാസികളായ യഹൂദികള്‍ക്ക്‌ തന്‍റെ സന്ദേശം എത്തിച്ചതിനുശേഷം നൂറ്റി ഇരുപതാമത്തെ വയസ്സില്‍ മരിച്ചുവെന്നും യേശുവിന്‍റെ കബര്‍ ഇന്നും ഖാന്‍യാര്‍ തെരുവില്‍ (ശ്രീന ഗറില്‍) കാണാവുന്നതാണെന്നുംഹസ്‌റത്ത്‌ അഹ്ദ്‌മ‌ (അ) പ്രഖ്യാപിച്ചു. പ്രസ്തുത കബര്‍ പൊളിച്ചുനോക്കിയാല്‍ തന്‍റെ പ്രസ്താവനകള്‍ ശരിവെ ക്കുന്ന രേഖകള്‍ ലഭിക്കുമെന്നും ഹസ്‌റത്ത്‌ അഹ്‌മദ്‌ (അ) ചൂണ്ടിക്കാട്ടി. (ഈ വിഷയത്തെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക)

വിശുദ്ധഖുര്‍ആന്‍റെയും ബൈബിളിന്‍റെയും ചരിത്രരേഖകളുടേയും അനിഷേധ്യ സത്യത്തിനു മുമ്പില്‍ ക്രൈസ്തവ വിശ്വാസത്തിന്‌ നിലനില്‍പില്ലാതായി. പല ക്രൈസ്തവ ഗവേഷകരും ഈ സത്യത്തെ ന്യായീകരിച്ചുകൊണ്ട്‌ ഒരുപാടു ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായിട്ടുണ്ട്‌. മൌലാനാ അബുല്‍ കലാം ആസാദ്‌  അദ്ദേഹത്തിന്‍റെ 'വക്കീല്‍'  പത്രത്തില്‍ (1908 ജൂണ്‍ ലക്കം) ഇങ്ങനെഎഴുതി:

"മിര്‍സാ സാഹിബിന്‍റെ ഭാഗത്തുനിന്ന്‌ ക്രിസ്ത്യാനികള്‍ക്കും ആര്യസമാജികള്‍ക്കുമെതിരായി ആവിഷ്കരിക്കപ്പെട്ട സാഹിത്യങ്ങള്‍ പൊതുജനസമ്മതിയുടെ ബിരുദം നേടിക്കഴിഞ്ഞവയാണ്‌. അദ്ദേ ഹത്തിന്‍റെ കടമ പൂര്‍ത്തിയാക്കിയ ഈ അവസരത്തില്‍ ആ സാഹിത്യത്തിന്‍റെ മേന്‍മയും മഹിമയും ഹൃദയപൂര്‍വ്വംനാം സ്മരിക്കേണ്ടിയിരിക്കുന്നു. ക്രിസ്തു മതത്തിന്‍റെ നേര്‍ക്കുള്ള ഈ പ്രത്യാക്രമണം ആ മതത്തിന്‌ ഭരണ ത്തിന്‍റെ തണലിലായിരുന്നതുകൊണ്ടു സിദ്ധിച്ചിരുന്ന സ്വാധീനശക്തിയെ മാത്രമല്ല, ക്രിസ്തു മതത്തിന്‍റെ ജീവനെത്തന്നെയും തകര്‍ത്തുകളഞ്ഞിരി ക്കുന്നു"

മസീഹ്‌ പന്നിയെ കൊല്ലും എന്നപ്രവചനവും പ്രതീകാത്മകമാണ്‌. പന്നി തീരെ ലജ്ജയില്ലാത്ത എപ്പോഴും ഭൂമിയിലെ മാലിന്യത്തെ മാത്രം നോക്കുന്ന വൃത്തിഹീനമായ ഒരു മൃഗമാണ്‌. ഇന്നത്തെ യൂറോപ്യന്‍ സംസ്‌കാരത്തെ നമുക്ക്‌ അതിനോടുപമിക്കാം. എന്നാല്‍ ഈ സംസ്കാരത്തിനു അഹ്‌മദിയ്യാ ജമാഅത്തിന്‍റെ വളര്‍ച്ച ഭീഷണിയാണ്‌. ദൃശ്യ-ശ്രാവ്യ മേഖല കളില്‍ ഈ സംസ്കാരത്തിന്‍റെ അതിപ്രസരണം നമുക്ക്‌ ദര്‍ശിക്കാം. എന്നാല്‍ മസീഹിനാല്‍ സ്ഥാപിതമായ അഹ്മദിയ്യാ ജമാഅത്ത്‌ ദൃശ്യ-ശ്രാവ്യ മാധ്യമ രംഗത്ത്‌ ദജ്ജാലീ സംസ്കാരത്തിനെതിരെ പരിശുദ്ധമായ ഒരു ദൃശ്യ സാംസ്കാരികത്തനിമക്ക്‌ തുടക്കമിട്ടിരിക്കുന്നു. അതാണ്‌ എം. ടി എ. (മുസ്ളിം ടെലിവിഷന്‍ അഹ്‌മദിയ്യാ). ഈ സംസ്കാരത്തെ ഇസ്‌ലാമീകരിക്കാനുള്ള പുറപ്പാടിലാണ്‌ അഹ്‌മദിയ്യാ ജമാഅത്ത്‌. അപ്പോള്‍ ഏതൊരു ദൌത്യത്തിന്‌ വേണ്ടി വാഗ്ദത്ത മസീഹ്‌ വരേണ്ടതുണ്ടായിരുന്നുവോ ആ ദൌത്യം ഇവിടെ പൂര്‍ണ്ണമാവുകയാണ്‌. ഇബ്നുമറിയം ദജ്ജാലിനെ 'ബാബുല്‍ലുദ്ദില്‍' വെച്ചു കൊല്ലുമെന്ന പ്രവചനവും ഇതോടു ചേര്‍ത്തുവായിക്കാവുന്നതാണ്‌. ഇബ്നുമറിയമിന്‍റെ ദര്‍ശനത്തില്‍ തന്നെ ദജ്ജാല്‍ വെള്ളത്തില്‍ ഉപ്പലിയുന്നത്ത്‌ പോലെ അലിഞ്ഞുപോകുമെന്ന പ്രവചനവും, സൂര്യന്‍ പടിഞ്ഞാറുനിന്ന്‌ ഉദിക്കുമെന്ന പ്രവചനവും (ഇസ്‌ലാമാകുന്ന സൂര്യന്‍) കൂട്ടി വായിക്കാവുന്നതാണ്‌.

'ബാബുലുദ്ദ്‌' എന്ന വാക്കിന്‍റെ അര്‍ത്ഥം 'ധൈഷണിക സംവാദങ്ങളുടെ കവാടം' എന്നാണ്‌. പത്തൊമ്പതാം നൂറ്റാണ്ടില്‍ ക്രിസ്തീയ മതം മക്കാ മദീനവരെ പ്രചരിക്കുമെന്ന ക്രിസ്തീയ സഭകളുടെ വീരവാദം ഹസ്‌റത്ത്‌ അഹ്‌മദിന്‍റെ(അ) രംഗപ്രവേശത്തോടെ വെള്ളത്തില്‍ ഉപ്പ്‌ അലിയുന്നത് പോലെ അലിഞ്ഞുപോവുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ മൊറൊക്കോയില്‍ മാത്രം എണ്‍പത്‌ ലക്ഷം മുസ്‌ലിംകള് ‍ക്രിസ്തുമതം സ്വീകരിച്ചിരുന്നു. ഇന്ന്‌ ക്രിസ്തീയ പത്രം തന്നെ അഹ്‌മദിയ്യാ ജമാഅത്തിന്‍റെ മുന്നേറ്റം മുഖേന ക്രിസ്ത്യാനികള്‍ ഇസ്‌ലാം മതം ആശ്ളേഷിക്കുന്ന റിപ്പോര്‍ട്ടുകളുമായി രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്‌. തെളിവുകളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക്‌ അഹ്‌മദി മുസ്‌ലിംകളെനേരിടാന്‍ പറ്റുകയില്ല. സൂര്യന്‍ പടിഞ്ഞാറുനിന്ന്‌ ഉദിക്കുമെന്ന പ്രവചനം ഒരു വിധത്തില്‍ എം. ടി. എ. (മുസ്‌ലിം ടെലിവിഷന്‍ അഹ്‌മദിയ്യാ) മുഖേന ലോകത്തിന്‍റെ കോണായ കോണുകളില്‍ ഇസ്ളാമിക സന്ദേശം എത്തിക്കൊണ്ടിരിക്കുന്നതു മുഖേന പൂര്‍ത്തിയായി. ഇനി യൂറോപ്യന്‍മാര്‍ മുഖേന ഇസ്‌ലാമിക പ്രചാരണ രംഗത്ത്‌ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാദ്ധ്യതയുണ്ട്‌. ഏതായാലും ഈ പറയപ്പെട്ട സൂര്യന്‍ കിഴക്കുദിക്കുകയും പടിഞ്ഞാറ്‌ അസ്തമിക്കുകയും ചെയ്യുന്ന സൌരയൂഥത്തിന്‍റെ കേന്ദ്രമായ സൂര്യനല്ല. ചുരുക്കത്തില്‍ ദജ്ജാലും ഇബ്നുമര്‍യവും അദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമെല്ലാം പ്രതീകാത്മകമാണ്‌.

ബനൂ ഇസ്രായേല്‍ മസീഹിനേയും മുഹമ്മദ്‌ നബി (സ.അ) യുടെ ഉമ്മത്തില്‍ വരുന്ന മസീഹിനേയും രണ്ടു രൂപത്തിലാണ്‌ റസൂല്‍ തിരുമേനി ദര്‍ശനങ്ങളില്‍ കണ്ടത്‌. ബനൂഇസ്രായേല്‍ മസീഹായ ഈസാനബി (അ) യുടെ രൂപത്തെക്കുറിച്ചു റസൂല്‍ തിരുമേനി അരുളിയത്‌ അദ്ദേഹത്തിന്‍റെ നിറം ചുവപ്പും മുടി ചുരുണ്ടതുമാണെന്നാണ്‌. എന്നാല്‍ അവസാന കാലം ദജ്ജാലിനെ കൊല്ലാന്‍ വരുന്ന മസീഹിനെ തിരുമേനി (സ.അ) ദര്‍ശനത്തില്‍ കണ്ടത്‌ 'ഗോതമ്പു നിറവും നീണ്ട തലമുടിയു' മുള്ളതായിട്ടാണെന്ന്‌ പ്രത്യേകം പറഞ്ഞുകൊണ്ടു രണ്ടും രണ്ടു വ്യക്തികളാണെന്ന്‌ പറഞ്ഞുതന്നിട്ടുണ്ട്‌. "നിങ്ങളുടെ ഇമാമായി നിങ്ങളില്‍ നിന്ന്‌ തന്നെ ഇബ്നു മര്‍യം ഇറങ്ങുമ്പാള്‍ നിങ്ങളുടെ അവസ്ഥ എന്തായിരി ക്കുമെന്ന ഹദീസുംകൂടി വായിച്ചാല്‍ വരേണ്ടയാള്‍ ഈ ഉമ്മത്തില്‍ നിന്നു തന്നെയാണ്‌ വരേണ്ടത്‌ എന്ന്‌ മനസ്സിലാകും. ദജ്ജാല്‍ ചത്തുകഴിഞ്ഞു,  ഇനിയൊരു മസീഹ്‌ ഏതായാലും ദജ്ജാലിനെ കൊല്ലാന്‍ വരേണ്ടതില്ല.

Monday, December 20, 2010

ദജ്ജാല്‍

ദജ്ജാല്‍ എന്ന ഭീകര സത്വത്തെക്കുറിച്ചു കേള്‍ക്കാത്തവര്‍ മുസ്‌ലിംകളില്‍ ചുരുക്കമയിരിക്കും. പഴയകാല വയള് (മതപ്രസംഗം) കളില്‍ ദജ്ജാല്‍ ഒരു മുഖ്യ വിഷയമായിരുന്നു. ഭൂമിയുടെ അതിര്‍ത്തിയില്‍ 'ഖാഫ്‌' എന്ന ഒരുപര്‍വ്വതനിരയുണ്ട്‌. അതിന്നപ്പുറം മറ്റൊരു ഭൂമിയുണ്ട്‌. അവിടെ ഒരു അജ്ഞാത സ്ഥലത്ത്‌ ഈ ദജ്ജാല്‍ എന്നു പറയുന്ന സത്ത്വം ചങ്ങലയാല്‍ബന്ധിതനാണ്‌. ആ സത്ത്വത്തിന്‍റെ നെഞ്ചില്‍ പര്‍വ്വത സമാനമായ വലിയ ഒരു കല്ല് വെച്ചിരിക്കുകയാണ്‌. മലയുടെ ഭാരം കൊണ്ട്‌ അവന്‌ നിവര്‍ന്നുനില്‍ക്കാന്‍ സാദ്ധ്യമല്ല. മൂര്‍ച്ചയുള്ള അതിന്‍റെ നാവുകൊണ്ട്‌ ഈ മല അവന്‍ നക്കിക്കൊണ്ടേ ഇരിക്കുന്നു. അതു ഒരാഴ്ചക്കൊണ്ടു അവന്‍ നക്കിതീര്‍ക്കും. അപ്പോഴേക്കും തല്‍സ്ഥാനത്ത്‌ വേറെ മല രൂപപ്പെടും. ആ മല രൂപപ്പെടാനുള്ള കാരണം വെള്ളിയാഴ്ച മുസ്ളിംകള്‍ സൂറത്തുല്‍ കഹ്ഫ്‌ ഓതുന്നതാണ്‌. ലോകാവസാനം അടുക്കുമ്പോള്‍ മുസ്ലിംകള്‍ അധഃപതിച്ച് അവരുടെ സമ്പ്രദായങ്ങളില്‍ നിന്നൊക്കെ അകന്ന്‌ ജീവിക്കാന്‍ തുടങ്ങിയാല്‍ അവന്‍ ചങ്ങലപൊട്ടിച്ച്‌ ഭൂലോകത്ത്‌ താണ്ഡവം ആരംഭിക്കാന്‍ തുടങ്ങും. അവന്‍ ഒറ്റക്കണ്ണനായിരിക്കും. വലതുകണ്ണ്‌ അന്ധമായിരിക്കും. ഇടത്‌ കണ്ണിന്‌കൂടുതല്‍ പ്രകാശം ഉണ്ടായിരിക്കും. അവന്‍റെ പക്കല്‍ അപ്പത്തിന്‍റെ മലകളും മദ്യത്തിന്‍റെ അരുവികളും ഉണ്ടാകും. വലതു കൈയില്‍ നരകവും ഇടതു കൈയില്‍ സ്വര്‍ഗ്ഗവും ഉണ്ടാകും. വിശ്വാസികള്‍ക്ക്‌ അവന്‍റെ സ്വര്‍ഗ്ഗം നരകമായും നരകം സ്വര്‍ഗ്ഗമായും അനുഭവപ്പെടും. അവന്‍ മഗ്‌രിബില്‍ നിന്ന്‌ (പടിഞ്ഞാറു അതിര്‍ത്തിയില്‍ നിന്ന്‌) സംസാരിച്ചാല്‍ മശ്‌രിക്കില്‍ കേള്‍ക്കും. (പൂര്‍വ്വാതിര്‍ത്തിയില്‍ കേള്‍ക്കും). അവന്‍റെ ഒരു പാദം മഗ്‌രിബിലാണെങ്കില്‍ മറ്റെ പാദം മശ്‌രിഖിലായിരിക്കും. അവന്‍റെ പിന്നാലെ ഭൂമിയിലെ നിക്ഷേപങ്ങള്‍ പിന്തുടരും; റാണിയെ മറ്റു തേനീച്ചകള്‍ പിന്തുടരുന്നത്‌ പോലെ. അവന്‍റെ നെറ്റിയില്‍ 'ക.ഫ. റ' എന്ന്‌എഴുതിയിട്ടുണ്ടാകും. അക്ഷരജ്ഞാനമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അതുവായിക്കാന്‍ സാധിക്കും. അവന്‍ ആകാശത്തോടു മഴ വര്‍ഷിപ്പിക്കാന്‍ ആജ്ഞാപിച്ചാല്‍ ആകാശം മഴ വര്‍ഷിപ്പിക്കും. മരിച്ചവരെ ജീവിപ്പിക്കും. ഭൂമിയോട്‌ മുളപ്പിക്കാന്‍ പറഞ്ഞാല്‍ അതു മുളപ്പിക്കും... ഇങ്ങനെ നീണ്ടുപോകുന്നു ദജ്ജാലിനെക്കുറിച്ചുള്ള വിവരങ്ങള്‍. എന്നാല്‍ ഈയിടെയായി ദജ്ജാലിനെക്കുറിച്ചുള്ള പ്രസംഗങ്ങളും പ്രസ്താവനയും എല്ലാ മുസ്‌ലിം കക്ഷികളും ഉപേക്ഷിച്ച മട്ടാണ്.

ദജ്ജാലിനെപ്പറ്റി ഒരു വിവരണവും വിശുദ്ധ ഖുര്‍ആനില്‍ നമുക്ക്‌കാണാന്‍ സാദ്ധ്യമല്ല. പക്ഷേ, തള്ളാന്‍ പറ്റാത്തതും സത്യസന്ധരായ റാബിമാരാല്‍ നിവേദനം ചെയ്യപ്പെട്ടതുമായ ഹദീസ് നിവേദനങ്ങളില്‍ ദജ്ജാലിനെക്കുറിച്ചുള്ള വിവരണങ്ങള്‍ കാണാം. ദജ്ജാല്‍ ആരാണെന്നും അവരെ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കുമെന്നും അവരില്‍ നിന്ന്‌ എങ്ങനെ രക്ഷപ്രാപിക്കാന്‍ സാധിക്കുമെന്നും അതിനുള്ള പ്രതിവിധികള്‍ വല്ലതും ശ്രേഷ്ഠപ്രവാചകനായ മുഹമ്മദ്‌ മുസ്തഫാ (സ.അ) നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്നുമുള്ള കാര്യങ്ങള്‍ വളരെ ഹ്രസ്വമായി അനുവാചകരുടെ മുമ്പില്‍ അനാവരണം ചെയ്യാനുള്ളഒരു ശ്രമമാണ്‌ ഈ ലേഖനം.

ദജ്ജാലിനെക്കുറിച്ചുള്ള വിവരണങ്ങളൊക്കെ വളരെ സ്ഥിരീകരിക്കപ്പെട്ട ഹദീസുഗ്രന്ഥങ്ങളില്‍ ക്രോഡീകരിക്കപ്പെട്ട സംഗതികള്‍തന്നെയാണ്‌. ഈ വിവരങ്ങളെല്ലാം റസൂല്‍ തിരുമേനി(സ.അ)ക്ക്‌ അല്ലാഹു ദര്‍ശനങ്ങളില്‍ കാണിച്ചു കൊടുത്തതോ ദിവ്യവെളിപാടു മുഖേന അറിയിച്ചതോ ആവാം. പൊതുവില്‍ മുസ്‌ലിംകളുടെ വിശ്വാസം മേല്‍വിവരിച്ച ഗുണങ്ങളോടെ ഒരു ഭീകരസത്വം വെളിപ്പെടുമെന്നാണ്‌. അതു മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ക്കൊരു മഹാപരീക്ഷണവും വിപത്തുമായിരിക്കും. ഈ ദജ്ജാലിന്‍റെ ഉപദ്രവം സഹിക്കവയ്യാതെ ആവുമ്പോള്‍ മുസ്‌ലിംകള്‍ ഇമാം മഹ്ദിയുടെ നേതൃത്വത്തില്‍ ഒരു പള്ളിയില്‍ പ്രാര്‍ത്ഥനാ നിരതരാവുകയും, അപ്പോള്‍, ദമാസ്കസിന്‍റെ കിഴക്ക്‌ ഭാഗത്തുള്ള മിനാരത്തില്‍ രണ്ടു മഞ്ഞപ്പുതപ്പുകള്‍ ധരിച്ചുകൊണ്ട്‌ രണ്ടായിരം വര്‍ഷങ്ങളായി ആകാശത്തിരിക്കുന്ന ഈസാ നബി ഇറങ്ങിവരികയും ചെയ്യുമെന്നാണ് മുസ്ലിം സങ്കല്‍പം. അങ്ങനെ ഈസാനബി ബാബുലുദ്ദില്‍ വെച്ചു ദജ്ജാലിനെ കൊല്ലും. ദജ്ജാല്‍ മസീഹിനെ കണ്ടാല്‍ ഉപ്പ്‌ വെള്ളത്തില്‍ അലിയുന്നത്പോലെ അലിഞ്ഞു പോകുമെന്നും പ്രവചനങ്ങളില്‍ ഉണ്ട്‌. ദജ്ജാലിന്‍റെ കഴുതയെക്കുറിച്ചും നീണ്ട വിവരണങ്ങള്‍‍ ഹദീസു ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ട്‌. അത്‌ എല്ലാ മൃഗങ്ങളോടും സാമ്യതയുള്ള ഒരു മൃഗമായിരിക്കും. അതിന്‍റെ ഭക്ഷണം അഗ്നിയായിരിക്കും. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ സഞ്ചരിക്കും. ജനങ്ങള്‍ അതിന്‍റെ വയറ്റിനകത്തായിരിക്കും സഞ്ചരിക്കുക. എന്നെല്ലാമാണ് വിവരണങ്ങള്‍. നബി (സ.അ) ഈ പ്രവചനം ചെയ്യുമ്പോള്‍ സാധാരണ സവാരിക്കായി മൃഗങ്ങളെയാണ്‌ ഉപയോഗിച്ചു കൊണ്ടിരുന്നത്‌. മൃഗങ്ങളുടെ പുറത്തിരുന്നാണ്‌ ജനങ്ങള്‍ സഞ്ചരിക്കുക‌. ആ സമ്പ്രദായത്തില്‍ നിന്ന്‌ മാറി മൃഗത്തിന്‍റെ വയറ്റിലായിരിക്കും സഞ്ചരിക്കുകയെന്നാണ്‌ ഇവിടെ പറയുന്നത്‌.

മസീഹിന്‍റെ അവതരണവുമായി ബന്ധപ്പെടുത്തി മറ്റു ചില സംഗതികള്‍ കൂടി ഹദീസ്‌ ഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിട്ടുണ്ട്‌. അതുംകൂടി ചേര്‍ത്ത്‌ പറ ഞ്ഞാലേ വിഷയത്തിന്‌ പൂര്‍ണ്ണത ലഭിക്കുകയുള്ളൂ. ഒറ്റനോട്ടത്തില്‍ ദജ്ജാലു മായി ബന്ധമില്ല എന്ന്‌ തോന്നുമെങ്കിലും ദജ്ജാലിന്‍റെ സിഫത്തുകളുമായി അതിന്‌ ധാരാളം ബന്ധമുണ്ട്‌. അതില്‍ ഏറ്റവും പ്രസക്തഭാഗം അദ്ദേഹം കുരിശു ഉടക്കുമെന്നും പന്നിയെകൊല്ലുമെന്നുള്ളതാണ്‌.

ഇനി നമുക്ക്‌ വിഷയത്തിലേക്ക്‌വരാം. ദജ്ജലിനെ തിരുമേനിക്ക്‌ അല്ലാഹു ഒന്നുകില്‍ ദര്‍ശനത്തില്‍ കാണിച്ചുകൊടുത്തതോ അല്ലെങ്കില്‍ വെളിപാടായി അറിയിച്ചുകൊടുത്തതോ ആകാം. അപ്പോള്‍ പ്രസ്തുത പ്രവചനങ്ങള് ‍ആലങ്കാരികമായി, സ്വപ്ന ശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കേണ്ടതുണ്ട്‌. അറബി ഭാഷയുടെ ഒരു മാഹാത്മ്യം, ഏതെങ്കിലും ഒരു വസ്തുവിന്‍റെ നാമത്ത അതിന്‍റെ ധാത്വര്‍ത്ഥത്തില്‍ നിന്നു തന്നെ ആ സാധനത്തിന്‍റെ ഗുണങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കും എന്നതാണ്‌. ഈ മാര്‍ഗ്ഗത്തില്‍ "ദജ്ജാല്‍" എന്ന വാക്കിനെ നമുക്കൊന്നു പരിശോധിക്കാം.

'ദജല' എന്ന ക്രിയയുടെ കര്‍തൃ വാചിയായ 'ദാജില്‍' എന്ന പദത്തില്‍ നിന്നാണ്‌ ദജ്ജാല്‍ എന്ന വാക്ക്‌ രൂപപ്പെട്ടത്‌. ഇതിന്‌, ധാരാളം കള്ളം പറയുന്നവന്‍, ധാരാളം ചായം തേക്കു ന്നവന്‍, ധാരാളം സഞ്ചരിക്കുന്നവന്‍, ധനവാന്‍, വമ്പിച്ച വര്‍ത്തക സംഘം എന്നൊക്കെ അര്‍ത്ഥം സിദ്ധിക്കുന്നു. ഈ വീക്ഷണത്തില്‍ നോക്കിയാല്‍ ദജ്ജാല്‍ ഒരു വ്യക്തിയല്ല ഒരുസമൂഹമാണെന്ന്‌ മനസ്സിലാകുന്നു. കച്ചവടച്ചരക്കുകളും പേറി ഭൂമി മുഴുവനും ചുറ്റി സഞ്ചരിക്കുന്ന ഒരു ജന സമൂഹമാണ്‌ ദജ്ജാല്‍ എന്നു കാണാം. കളവുപറയലും പ്രച്ഛന്ന മാക്കി അവതരിപ്പിക്കലും ഇവരില് ‍ദൃശ്യമായിരിക്കും. ലോകത്ത്‌ എല്ലായിടത്തും അവര്‍ സഞ്ചരിക്കും.

റസൂല്‍ തിരുമേനി (സ.അ) ദജ്ജാലിന്‍റെ കുഴപ്പത്തില്‍ നിന്ന്‌ രക്ഷ പ്പെടാനുള്ള ഒരു മാര്‍ഗ്ഗം, സൂറത്തുല്‍ കഹ്‌ഫിലെ ആദ്യത്തെ പത്ത്‌ സൂകതങ്ങള്‍ ഓതുകയാണെന്ന്‌ മുസ്‌ലിംകളെ താക്കീതു ചെയ്തിട്ടുണ്ട്‌. ഈ വാക്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചു നോക്കിയാല്‍ ഇവര്‍ ആരാണെന്ന്‌ മനസ്സിലാകും. പ്രസ്തുത ചനങ്ങളില്‍ ഇപ്രകാരം കാണാം:

"അല്ലാഹു തനിക്കായി ഒരു പുത്രനെ സ്വീകരിച്ചിരിക്കുന്നു എന്നു പറയുന്ന വര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്നതിന്‌ വേണ്ടിയാണ്‌ ഈ ഗ്രന്ഥം അവതരിപ്പിച്ചത്‌. അവര്‍ക്കോ അവരുടെ പിതാക്കള്‍ക്കോ അത്‌ സംബന്ധിച്ച്‌ യാതൊരുഅറിവുമില്ല. അവരുടെ വായകളില്‍ നിന്ന്‌ പുറപ്പെടുന്ന വാക്ക്‌ ഗുരുതരമായതാണ്‌. കളവല്ലാതെ അവര്‍ പറയുന്നില്ല." (അല്‍കഹ്ഫ്‌: 5,6)

ഈ വചനങ്ങളില്‍ നിന്നുതന്നെ ദജ്ജാലിന്‍റെ തനിനിറം നമുക്ക്‌ മനസ്സിലാകുന്നുണ്ട്‌. ഇനി വലതുകണ്ണ്‌ അന്ധമായിരിക്കുമെന്ന തിരുമേനിയുടെ (സ.അ) പ്രവചനം പരിശോധിച്ചാല്‍ പ്രസ്തുത കണ്ണ്‌ ആത്മീയമായ കണ്ണാണെന്ന്‌ മനസ്സിലാകുന്നു. വലതുഭാഗം ആത്മീയതയേയും ഇടത്‌ ഭാഗം ലൌകികതയേയു മാണ്‌ വിശുദ്ധഖുര്‍ആന്‍ സൂചിപ്പിക്കാറുള്ളത്‌. അപ്പോള്‍ പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ്‌ എന്നീ മൂന്നും ചേര്‍ന്നതാണ്‌ ദൈവം എന്ന സങ്കല്‍പം ആത്മീയ ദൃഷ്ടിക്ക്‌ അന്ധത ബാധിച്ചവര്‍ക്കേ വിശ്വസിക്കാന്‍ ആവുകയുള്ളൂ. ദജ്ജാലിന്‍റെ ഇടതു കണ്ണിന്‌ കൂടുതല്‍ തിളക്കമുണ്ടാകുമെന്ന്‌ പ്രവചനത്തില്‍ പറയപ്പെട്ടിരിക്കുന്നു. ഐഹിക ജീവിത വിഭവങ്ങള്‍ സമ്പാദിക്കുന്നതിലും അതിന്‍റെ പുരോഗതിക്കായി ഭൂമണ്ഡലത്തേയും സൌരയൂഥത്തേയും കടന്നുള്ള അവരുടെ അന്വേഷണ ദൃഷ്‌ടിയുടെ അതീവ തീഷ്ണതയെ ഈഒറ്റക്കണ്ണ്‌ പ്രയോഗം സൂചിപ്പിക്കുന്നു. മദ്ധ്യകാലംതൊട്ടു ആധുനിക കാലം വരെയുള്ള ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഈ ഗുണങ്ങള്‍ നമുക്ക്‌ കാണാം. ഭൌതിക ശാസ്ത്രീയ സാങ്കേതിക രംഗങ്ങളില്‍ അവര്‍ കൈവരിച്ച പുരോഗതി മഹത്തായതാണ്‌. യൂറോപ്പിന്‍റെ നവോത്ഥാനവും ഇസ്ലാമിക സംസ്കാരത്തിനേറ്റ അധഃപതനവും മനസ്സിലാക്കിയവര്‍ക്ക്‌ ദജ്ജാലിന്‍റെ ലോക വ്യാപനത്തെക്കുറിച്ചു ഗ്രഹിക്കാന്‍ പ്രയാസമില്ല. ലോകത്തിന്‍റെ സകല കോണുകളിലും ക്രിസ്തീയ മതവും അവരുടെ സംസ്കാരവും ഇരച്ചുകയറിക്കൊണ്ട്‌ ഒരു കാല്‍ മശ്‌രിഖിലും ഒരു കാല്‍ മഗ്‌രിബിലും എന്നപ്രവചനം സാര്‍ത്ഥകമാക്കി. അവര്‍ ഈസ്റ്റിന്ത്യാ കമ്പനി എന്ന കച്ചവട സംഘമായി കുറച്ചു പാതിരിമാരേയും കയറ്റിയാണ്‌ ഇന്ത്യയിലും എത്തിയത്‌ എന്ന കാര്യവും ശ്രദ്ധേയമാണല്ലോ. ഒന്ന്‌ മൂന്നാണെന്നും മൂന്ന്‌ ഒന്നാണെന്നുമുള്ള അയുക്തികവും വിചിത്രവുമായ വിശ്വാസം ലോകത്തുള്ള ഭൂരിപക്ഷ ജനങ്ങളിലും എത്തിക്കാനും അവരെക്കൊണ്ട്‌ അംഗീകരിപ്പിക്കാനും അവര്‍ക്ക്‌ സാധിച്ചു എന്നുള്ളത്‌ ഒരുചില്ലറ കാര്യമല്ല.  പതിനാറാം നൂറ്റാണ്ട്‌ മുതല്‍ ആരംഭിച്ച ദജ്ജാലിന്‍റെ ഈ വ്യാപനം പത്തൊമ്പതാം നൂറ്റാണ്ടായപ്പോഴേക്കും ഏതാണ്ടു പൂര്‍ണ്ണമായി. കാലുകള്‍ പശ്ചിമ പൂര്‍വ്വ ദിക്കുകളില്‍ ഉറപ്പിച്ച്കൊണ്ട്‌ അവര്‍ അലറിയടുത്ത നിമിഷങ്ങളില്‍ മക്കാ, മദീനകളിലും അവരുടെ കൊടി പാറിപ്പറപ്പിക്കാമെന്ന്‌ അവര്‍ വ്യാമോഹിച്ചു. പക്ഷേ, ദൈവിക വാഗ്ദാന പ്രകാരം മക്കാ മദീനകളെ അല്ലാഹു സംരക്ഷിക്കുകയായിരുന്നു. എഴുപതിനായിരം മുസ്‌ലിംകള്‍ ദജ്ജാലിനെ പിന്‍പറ്റുമെന്ന പ്രവചനവും മുസ്‌ലിംകളില്‍ പൂര്‍ത്തിയായി. ഇന്ന്‌ രാഷ്ട്രീയമായും മുസ്‌ലിം ഭരണകൂട ങ്ങള്‍ ഭൂരിഭാഗവും അവരുടെ ചട്ടുകങ്ങളാണ്‌. ഇനി മതപരമായി ചിന്തി ച്ചാലും ഈസാ നബിയെ (അ) ദൈവമാക്കുന്ന കാര്യത്തില്‍ ഒരു പക്ഷേ, ക്രിസ്ത്യാനികളേക്കാള്‍ മുസ്‌ലിംകള്‍ സംഭാവന നല്‍കിയോ എന്നു സംശയിക്കണം. ആലങ്കാരികമായി ഈസാ നബിയെ (അ) പറ്റി വിശുദ്ധ ഖുര്‍‌ആനില്‍ പറഞ്ഞ പല അത്ഭുത ദൃഷ്ടാന്തങ്ങള്‍ക്കും ജഡികമായ അര്‍ത്ഥകല്‍പന നല്‍കിയാണ്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്‌. അദ്ദേഹം രണ്ടായിരം വര്‍ഷങ്ങളായി ആകാശത്തില്‍ ദൈവത്തിന്‍റെ സമീപം ജീവിക്കുന്നു എന്നു ക്രിസ്ത്യാനികളെപ്പോലെ മുസ്‌ലിംകളും വിശ്വസിക്കുന്നു. അതുകൊണ്ടാണ്‌ എഴുപതിനായിരം മുസ്‌ലിംകള്‍ (ഈ സംഖ്യ ആധിക്യത്തെ കുറിക്കുന്നു) ദജ്ജാലിനെ പിന്‍പറ്റുമെന്ന്‌ ഹദീസുകളില്‍ പറയപ്പെട്ടത്‌. (തുടരും)